WELCOME TO OUR KURUVA TIMES
Monday, 7 May 2012
Wednesday, 2 May 2012
history of kuruva...
ചരിത്രം
സാമൂഹ്യചരിത്രം
വള്ളുവനാട് രാജാവിന്റെ “ആയിരംകോല് തട്ടക”ത്തില്‍ ഉള്‍പ്പെട്ടതായിരുന്നു കുറുവ പ്രദേശം. ചെണ്ണാഴി മൂസത്, എടപ്പള്ളി വലിയ രാജ, കോട്ടക്കല്‍ കിഴക്കേ കോവിലകം, സാമൂതിരി രാജ, ചെങ്ങോട്ടൂരിലെ പുല്ലാനിക്കാട് മന, അവത്തിക്കാട്ട് മന, പൊന്മള ദേവസ്വം, കരിപ്പോട് മൂസ്സത്, നേമത്ത് മൂസ്സത്, തറക്കല്‍ വാരിയം, അപ്പന്‍കളം തുടങ്ങിയ ഏതാനും വന്കിടജന്മിമാരായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഇവിടുത്തെ നാട്ടുരാജാവായിരുന്ന വള്ളുവനാട് രാജാവിനെ, സാമൂതിരിയുടെ സേനാനായകനായ മുനല്പാട് തോല്‍പ്പിക്കുകയും, അങ്ങനെ ഈ പ്രദേശം സാമൂതിരി രാജാവിന്റെ അധീനതയില്‍ വരികയും ചെയ്തു. ആ യുദ്ധം കഴിഞ്ഞ് അവിടുത്തെ അവശിഷ്ടങ്ങള്‍ ഇട്ടുമൂടിയതാണ്, പടപ്പറമ്പില്‍ മൂടപ്പെട്ട കിണര്‍ എന്നു പറയപ്പെടുന്നു. ഇന്നത്തെ കുറുവ പഞ്ചായത്തുപ്രദേശം പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു. പാങ്ങ് ദേശവും, കോഡൂര്‍ അംശത്തിലെ പഴമള്ളൂര്‍ ദേശവും അടങ്ങുന്ന പ്രദേശവുമാണ് ഇന്നത്തെ കുറുവ പഞ്ചായത്ത്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്ന “കുറുവ കോവിലകം” എന്ന നാമത്തില്‍ നിന്നാണ് ഈ പ്രദേശത്തിനു കുറുവ എന്ന പേരു ലഭിച്ചത്. വള്ളുവനാട് രാജാക്കന്മാരുടെ (വള്ളുവ കോനാതിരി) ആയിരംകോല് തട്ടകത്തില്‍ ഉള്‍പ്പെട്ടിരുന്ന കുറുവ ഗ്രാമത്തിന്, തിരുനാവായയില്‍ വെച്ച് നടന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ഒരു ചരിത്രപശ്ചാത്തലവുമുണ്ട്. മാമാങ്കത്തിന്, മേല്‍ക്കോയ്മ തീരുമാനിക്കാനുള്ള വള്ളുവനാട് രാജാക്കന്മാരുടെ ചാവേര്‍പ്പട, ചന്ദ്രോത്ത് എന്ന ചന്ദ്രാട്ടില്‍ (ചന്ത്രത്തില്‍) പണിക്കന്മാരുടെ നേതൃത്വത്തില്‍, മധ്യത്തിലുള്ള പടപ്പറമ്പ് എന്ന കുന്നിന്‍പുറത്ത് ഒത്തുകൂടിയ ശേഷം അവിടെ നിന്നായിരുന്നു തിരുനാവായയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. വള്ളുവനാട് രാജാവും സാമൂതിരി രാജാവും തമ്മില്‍ പടപ്പറമ്പ് സ്ഥലത്തുവച്ച് ഒരു യുദ്ധം നടന്നതുകൊണ്ടാണ് പ്രസ്തുത സ്ഥലത്തിന് പടപ്പറമ്പ് എന്ന പേര് ലഭിച്ചത്. വള്ളുവനാട് രാജാക്കന്മാരുടെ ചാവേര്‍പ്പടയുടെ നായകന്മാരായിരുന്ന ചന്ത്രത്തില്‍ പണിക്കന്മാരുടെ കളരി ഇന്നും ഈ പഞ്ചായത്തിലുണ്ട്. വള്ളുവനാട് വല്ലഭ വലിയരാജാ പൊന്നുള്ളി എന്ന നാടുവാഴി താമസിച്ചിരുന്ന സ്ഥലവും ഈ പ്രദേശത്തായിരുന്നു. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കൊളപ്പുറത്ത് കേശവന് നായര്‍ പൊന്നുള്ളിയുടെ രണ്ടാമത്തെ മകനാണ്. യോഗാഭ്യാസ പ്രദര്‍ശനം നടത്തി, ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.ബാബു രാജേന്ദ്രപ്രസാദില്‍ നിന്നും അവാര്‍ഡ് നേടിയ കൊളപ്പുറത്ത് പത്മനാഭന് നായര്‍ പൊന്നുള്ളിയുടെ മൂത്ത മകനാണ്. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് സുല്‍ത്താന്റെ സൈന്യം ഇന്നത്തെ കുറുവ പഞ്ചായത്തിന്റെ മധ്യത്തിലൂടെയായിരുന്നു നീങ്ങിയിരുന്നത്. പൊന്മള പഞ്ചായത്തിലെ ആക്കപ്പറമ്പ് റോഡും, കുറുവ പഞ്ചായത്തിലൂടെയുള്ള മലപ്പുറം-കുളത്തൂര്‍ റോഡും, പടപ്പറമ്പ്-പുഴക്കാട്ടിരി റോഡും ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്ത് നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള കുന്നിന്‍പുറത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടം ഇന്നും കാണാം. പ്രസ്തുത പ്രദേശത്തെ പാലൂര് കോട്ട എന്നാണ് ഇന്നും വിളിക്കുന്നത്. ഈ പഞ്ചായത്തിലെ കരിഞ്ചാപ്പാടി ദേശം, ഇതരപ്രദേശങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെ മുമ്പു മുതല്‍ തന്നെ മുന്നിട്ടു നില്ക്കുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പജിയുമൊന്നിച്ച് പങ്കെടുത്തിട്ടുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ പി.എന്‍.കെ.പണിക്കര്‍ കുറുവ പഞ്ചായത്തിലെ പാങ്ങ് സ്വദേശിയാണ്. അദ്ദേഹമാണ് പാങ്ങ് അംശത്തില്‍ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത്. പാങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപകനും അദ്ദേഹമാണ്.
സാംസ്കാരികചരിത്രം
പഴയ വള്ളുവനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന കുറുവ പഞ്ചായത്ത് ഉദാത്തമായ ഒരു സാംംസ്കാരിക പൈതൃകം സ്വന്തമായുള്ള നാടാണ്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്ന “കുറുവ കോവിലകം” എന്ന നാമത്തില്‍ നിന്നാണ് ഈ പഞ്ചായത്തിന് കുറുവ എന്ന പേര് ലഭിച്ചത്. വിവിധ വിഭാഗത്തിലുള്ള ആളുകള്‍ ഇടതിങ്ങി താമസിക്കുന്ന ഇവിടം മതസൌഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും പണ്ടു മുതലേ പേരു കേട്ടതാണ്. ചരിത്രത്തിന്റെ ഏടുകളില്‍ ഉജ്ജ്വലമായ സായുധ സമരങ്ങളും ഒളിപ്പോരുകളും നടന്ന പ്രദേശമായ പടപ്പറമ്പ് ഇന്ന് ഈ പഞ്ചായത്തിന്റെ ആസ്ഥാനമാണ്. നാട്ടുരാജാക്കന്മാരായ സാമൂതിരിയും വള്ളുവനാട് രാജാവും തമ്മിലുള്ള യുദ്ധം നടന്നത് ഈ പടപ്പറമ്പില്‍ വച്ചാണ്. വള്ളുവനാടിന്റെ ജനറല്‍ ആയിരുന്ന കരുവായൂര് മൂപ്പില്‍, സാമൂതിരിയുടെ സേനയോട് പോരാടി നിരവധി യോദ്ധാക്കളോടൊപ്പം മൃതിയടഞ്ഞ പ്രദേശം കൂടിയാണ് പടപ്പറമ്പ്. പഞ്ചായത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന്റെ സ്രോതസ്സുകളായി വര്‍ത്തിച്ച നിരവധി ഔപചാരിക, അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഏകദേശം അമ്പതിനായിരത്തോളം ജനസംഖ്യയുള്ള ഈ പഞ്ചായത്തില്‍ ഹിന്ദു-മുസ്ളീം മതങ്ങളില്പ്പെട്ടവരാണ് കൂടുതലും. ക്രിസ്ത്യാനികളും ഇല്ലാതില്ല. ഈ മതസ്ഥര്‍ക്കിടയിലെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ സജീവമായി തന്നെ തുടര്‍ന്നുവരുന്നുണ്ട്. കോല്‍ക്കളി, തിരുവാതിരക്കളി, ഭരതനാട്യം, ചവിട്ടുകളി, കുമ്പാരകളി, ദഫ്മുട്ട്, ചാടിമുട്ട്, പകിടകളി, മലമര്ക്കളി, ചെറുമക്കളി, ഒപ്പന, മാപ്പിളപ്പാട്ട്, കല്യാണപ്പാട്ട്, മൈലാഞ്ചിപ്പാട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ഈ പഞ്ചായത്തില്‍ നിലനില്‍ക്കുന്നുണ്ട്. മതസൌഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും പണ്ടു മുതലേ ഇവിടം പേരുകേട്ടതാണ്. 1921-ലെ ഖിലാഫത്തു പ്രസ്ഥാനം കൊടുമ്പിരികൊണ്ട സമയത്ത്, ഈ പഞ്ചായത്തിലെ പഴമള്ളൂര്‍ പോലുള്ള പ്രദേശങ്ങളില്‍ പല ഹിന്ദുവീടുകള്‍ക്കും മുസല്മാന്മാര് കാവല്‍ നിന്നിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പ്രമുഖസംഘടനയുടെ സ്ഥാപകരില്‍ പ്രധാനിയും, മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയും, മദ്രസ പാഠ്യപദ്ധതി ആദ്യമായി തയ്യാറാക്കിയ വ്യക്തിയുമായ മൌലാനാ പാങ്ങില്‍ അഹമ്മദുകുട്ടി മുസ്ള്യാര് ഈ പ്രദേശത്തുകാരനാണ്. ആധികാരിക ആത്മീയഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണദ്ദേഹം.
about kuruva>>
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറുവ, കോഡൂര്‍ (പഴമള്ളൂര്‍) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂട്ടിലങ്ങാടി, കോഡൂര്‍, മക്കരപറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മക്കരപറമ്പ്, മൂര്‍ക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് എടയൂര്‍, മാറാക്കര, മൂര്‍ക്കനാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഡൂര്‍, പൊന്മള, മാറാക്കര പഞ്ചായത്തുകളുമാണ്. ഇന്നത്തെ കുറുവ പഞ്ചായത്തുപ്രദേശം പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു. പാങ്ങ് ദേശവും, കോഡൂര്‍ അംശത്തിലെ പളമള്ളൂര് ദേശവും അടങ്ങുന്ന പ്രദേശവുമാണ് ഇന്നത്തെ കുറുവ പഞ്ചായത്ത്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്ന “കുറുവ കോവിലകം” എന്ന നാമത്തില്‍ നിന്നാണ് ഈ പ്രദേശത്തിനു കുറുവ എന്ന പേരു ലഭിച്ചത്. 1954-ല്‍ പാലക്കാട് ജില്ലയില്‍ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിലൊന്നാണ് കുറുവ. കൊളപ്പുറത്ത് കേശവന് നായര്‍ ആയിരുന്നു ആദ്യപ്രസിഡന്റ്. മലപ്പുറം ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു വളരെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഇതിനുള്ളത്. പച്ചപിടിച്ച കുന്നുകളും, മലകളും, ചെരിവുകളും, താഴ്വരകളും, സമതലങ്ങളും, പുഴകളും, തോടുകളും, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. കുറുവ അംശത്തിലെ കുറുവ, വറ്റലൂര്‍, അയിനിക്കാട്, കരിഞ്ചാപ്പാടി, പാങ്ങ് ദേശങ്ങളും കോഡൂരംശത്തിലെ പഴമള്ളൂര്‍ ദേശവും അടങ്ങിയതാണ് ഈ പഞ്ചായത്ത്. ഭൂമിയുടെ കിടപ്പനുസരിച്ച് പഞ്ചായത്തിനെ പ്രധാനമായും കുറുവ മേഖലയെന്നും, പാങ്ങ് മേഖലയെന്നും രണ്ടായി തിരിക്കാം. കുറുവ മേഖലയുടെ വടക്ക്, കടലുണ്ടിപുഴയുടെ പോഷകനദിയായ ചെറുപുഴ ഒഴുകുന്നു. എന്നാല്‍ മറ്റു മൂന്നു ഭാഗത്തും പെരുന്നമ്മല് പടപ്പറമ്പ്, തരിയംപറമ്പ്, ചെറുകുളമ്പ്, ചട്ടിപറമ്പ്, രായിപറമ്പ്, മുല്ലപ്പള്ളികുളമ്പ് തുടങ്ങിയ മലമ്പ്രദേശങ്ങള്‍ തല ഉയര്‍ത്തി നില്ക്കുന്നു. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത പ്രസ്തുത മേഖലയെ മുന്‍കാലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി നിറുത്തിയിരുന്നു. വടക്കുഭാഗത്തുള്ള ചെറുപുഴ മുറിച്ചുകടന്നായിരുന്നു ഇവിടുത്തെ ജനങ്ങള്‍ അയല്‍പ്രദേശങ്ങളുമായി സാമ്പത്തിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഭൂപ്രകൃതി അനുസരിച്ച് കുറുവ പഞ്ചായത്തിനെ കുന്നിന് പ്രദേശം, ചെരിവു പ്രദേശം, താഴ്വര, നദീതീരപ്രദേശം, ജലാശയങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം.
Subscribe to:
Posts (Atom)