about kuruva>>
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറുവ, കോഡൂര്‍ (പഴമള്ളൂര്‍) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂട്ടിലങ്ങാടി, കോഡൂര്‍, മക്കരപറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മക്കരപറമ്പ്, മൂര്‍ക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് എടയൂര്‍, മാറാക്കര, മൂര്‍ക്കനാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഡൂര്‍, പൊന്മള, മാറാക്കര പഞ്ചായത്തുകളുമാണ്. ഇന്നത്തെ കുറുവ പഞ്ചായത്തുപ്രദേശം പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു. പാങ്ങ് ദേശവും, കോഡൂര്‍ അംശത്തിലെ പളമള്ളൂര്‍ ദേശവും അടങ്ങുന്ന പ്രദേശവുമാണ് ഇന്നത്തെ കുറുവ പഞ്ചായത്ത്. ഈ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്ന “കുറുവ കോവിലകം” എന്ന നാമത്തില്‍ നിന്നാണ് ഈ പ്രദേശത്തിനു കുറുവ എന്ന പേരു ലഭിച്ചത്. 1954-ല്‍ പാലക്കാട് ജില്ലയില്‍ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിലൊന്നാണ് കുറുവ. കൊളപ്പുറത്ത് കേശവന്‍ നായര്‍ ആയിരുന്നു ആദ്യപ്രസിഡന്റ്. മലപ്പുറം ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു വളരെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഇതിനുള്ളത്. പച്ചപിടിച്ച കുന്നുകളും, മലകളും, ചെരിവുകളും, താഴ്വരകളും, സമതലങ്ങളും, പുഴകളും, തോടുകളും, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. കുറുവ അംശത്തിലെ കുറുവ, വറ്റലൂര്‍, അയിനിക്കാട്, കരിഞ്ചാപ്പാടി, പാങ്ങ് ദേശങ്ങളും കോഡൂരംശത്തിലെ പഴമള്ളൂര്‍ ദേശവും അടങ്ങിയതാണ് ഈ പഞ്ചായത്ത്. ഭൂമിയുടെ കിടപ്പനുസരിച്ച് പഞ്ചായത്തിനെ പ്രധാനമായും കുറുവ മേഖലയെന്നും, പാങ്ങ് മേഖലയെന്നും രണ്ടായി തിരിക്കാം. കുറുവ മേഖലയുടെ വടക്ക്, കടലുണ്ടിപുഴയുടെ പോഷകനദിയായ ചെറുപുഴ ഒഴുകുന്നു. എന്നാല്‍ മറ്റു മൂന്നു ഭാഗത്തും പെരുന്നമ്മല്‍ പടപ്പറമ്പ്, തരിയംപറമ്പ്, ചെറുകുളമ്പ്, ചട്ടിപറമ്പ്, രായിപറമ്പ്, മുല്ലപ്പള്ളികുളമ്പ് തുടങ്ങിയ മലമ്പ്രദേശങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത പ്രസ്തുത മേഖലയെ മുന്‍കാലത്ത് മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി നിറുത്തിയിരുന്നു. വടക്കുഭാഗത്തുള്ള ചെറുപുഴ മുറിച്ചുകടന്നായിരുന്നു ഇവിടുത്തെ ജനങ്ങള്‍ അയല്‍പ്രദേശങ്ങളുമായി സാമ്പത്തിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഭൂപ്രകൃതി അനുസരിച്ച് കുറുവ പഞ്ചായത്തിനെ കുന്നിന്‍ പ്രദേശം, ചെരിവു പ്രദേശം, താഴ്വര, നദീതീരപ്രദേശം, ജലാശയങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം.
No comments:
Post a Comment